തിരുവനന്തപുരം പൂവാര്‍ മുതല്‍ കാസര്‍ക്കോട് കുഞ്ചത്തൂര്‍ വരെ 655.6 കിലോമീറ്ററിലാണ് സംയോജിത തീരദേശ വിശാലപാതയും സൈക്കിള്‍ ട്രാക്ക് പദ്ധതിയും നടപ്പാക്കുന്നത്.14 മുതല്‍ 15.6 മീറ്റര്‍ വരെ വീതിയില്‍ വരുന്ന പാതയില്‍ രണ്ടു മീറ്റര്‍ സൈക്കിള്‍ ട്രാക്കിനായി നീക്കിവയ്ക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ 300കി.മീറ്റര്‍ ഗതാഗതത്തിന് തുറന്നു കൊടുക്കും.
കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. കേരള അടിസ്ഥാന സൗകര്യ നിക്ഷേപ നിധി (കിഫ്ബി)യുടെ പ്രവര്‍ത്തന വിപുലീകരണം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്.2017 ജൂലൈയില്‍ സര്‍ക്കാര്‍ ഇതിന് തത്വത്തില്‍ അംഗീകാരവും നല്‍കി.
സംസ്ഥാനത്തിന്റെ ടൂറിസ ഭൂപ്പടത്തില്‍ അടയാളപ്പെട്ട് കിടക്കുന്ന മനോഹര ബീച്ചുകളെ ബന്ധിപ്പിച്ചുള്ള പാത ടൂറിസത്തിനു വന്‍ കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തീരപാതയെ പൂര്‍ണമായും ബന്ധിപ്പിക്കാന്‍ 28 കി.മീറ്റര്‍ പുതിയ റോഡും പാലങ്ങള്‍ മേല്‍പ്പാലങ്ങളും നിര്‍മിക്കേണ്ടിവരും.കിഫ്ബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ ആശങ്കകളും ദുരീകരിച്ചായിരിക്കും പദ്ധതി പ്രാവര്‍ത്തികമാക്കുക. ഇതിനായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടേയും യോഗം വിളിച്ചു ചേര്‍ത്തു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. 14 മണ്ഡലങ്ങളില്‍ ഇത്തരം യോഗം ചേര്‍ന്നിട്ടുണ്ട്. ശേഷിക്കുന്നയിടങ്ങളില്‍ യോഗം സമയക്രമം നിശ്ചയിച്ച് മുന്നേറുന്നു. തീരദേശ ഹൈവേ പദ്ധതിയില്‍ സ്ഥലമേറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം ആവശ്യമായിടത്ത് പുനരധിവാസവും ഉറപ്പാക്കുന്നു. അതേസമയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലെ സ്ഥലമേറ്റെടുപ്പ് വൈകുമെന്നാണ് കരുതുന്നത്.