Monday, February 11, 2019

ഫീനിക്സ് പക്ഷിയെപ്പോലെ അറ്റ്‍ലസ് രാമചന്ദ്രൻ; ബിസിനസിൽ വൻ കുതിപ്പ്; തിരിച്ചുവരവ് അതിഗംഭീരം

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം.’ മലയാളികൾ നെഞ്ചേറ്റിയ അറ്റ്‍ലസ് രാമചന്ദ്രനേയും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യത്തേയും ഓർക്കാൻ ഈയൊരൊറ്റ പരസ്യവാചകം മതി. അത്രമേൽ ഹൃദയത്തോട് ചേർന്നു നിൽക്കുന്നുണ്ട് ആ പരസ്യ വാചകവും അറ്റ്‍ലസ് രാമചന്ദ്രൻ എന്ന മനുഷ്യനും. പ്രതാപകാലത്തില്‍ നിന്നും തകർച്ചയുടെ പടുകുഴിയിലേക്ക് പതിച്ച അറ്റ്‍ലസ് രാമചന്ദ്രൻ ജയിലഴിക്കുള്ളിലായപ്പോൾ പിന്തുണ നൽകാനും തിരിച്ചു വരവിന്റെ നാളുകളിൽ അദ്ദേഹത്തെ സ്വീകരിക്കാനും മലയാളക്കര ഒന്നടങ്കമുണ്ടായിരുന്നു.

തകർച്ചയിൽ നിന്നും തിരിച്ചു വരവിന്റെ പാതയിലേക്ക് പിച്ചവയ്ക്കുന്ന അറ്റ്‍ലസ് ഗ്രൂപ്പ് ഓഹരി രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്തിയിരിക്കുന്നു എന്നതാണ് പുതിയ വാർത്ത. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യത്തിലാണ് വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജൂണ്‍ ആദ്യവാരം 70 രൂപയായിരുന്നു അറ്റ്ലസ് ജ്വല്ലറിയുടെ ഓഹരി മൂല്യം. എന്നാൽ ഇപ്പോൾ 286 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. വെറും രണ്ട് മാസത്തിനിടയിലാണ് കമ്പനിയുടെ ഓഹരി മൂല്യം ഇത്രയും ഉയരുന്നത്. അടുത്ത മാസം 19ന് അറ്റ്‌ലസ് ജ്വല്ലറിയുടെ ഇന്ത്യയിലെ വാര്‍ഷിക ജനറല്‍ ബോഡി യോ​ഗം നടക്കുമെന്നും വാർത്തകളുണ്ട്.

നിലവിൽ ബംഗളൂരു, താനെ എന്നിവിടങ്ങളിലുള്ള അറ്റ്‌ലസിന്റെ ബ്രാഞ്ചുകള്‍ നല്ല രീതിയിൽ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലും ഗള്‍ഫിലുമായി നിലവില്‍ 15 ജ്വല്ലറികളാണ് അറ്റ്‌ലസ് ഗ്രൂപ്പിനുള്ളത്. കൂടുതല്‍ ബ്രാഞ്ചുകള്‍ ജനപങ്കാളിത്തത്തോടെ ദുബായിലും, ഇന്ത്യയിലും തുടങ്ങി ബിസിനസ് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

വ്യാപാരി സമൂഹവും ഉപഭോക്താക്കളും എന്നോടും എന്റെ സ്ഥാപനത്തിനോടും പുലര്‍ത്തുന്ന വിശ്വസ്തതയുടേയും സ്‌നേഹത്തിന്റേയും പ്രതിഫലനമാണ് ഈ നേട്ടത്തിന് പിന്നില്‍. 1991ല്‍ കുവൈത്ത് യുദ്ധത്തെ തുടര്‍ന്ന് ദുബൈയിലെത്തിയതാണ് ഞാന്‍, എന്റെ കഠിനാധ്വാനം കൊണ്ട് 48 ഷോറൂമുകള്‍ ഞാന്‍ തുറന്നു. ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റെ പാതയിലാണ് ഞാൻ– നേട്ടത്തിൽ സന്തോഷം പങ്കുവച്ച് അറ്റ്‍ലസ് രാമചന്ദ്രന്റെ വാക്കുകൾ.