Friday, April 3, 2020

സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടില്‍ വെള്ളിയാഴ്ച മുതല്‍ 500 രൂപ നിക്ഷേപിക്കും

കൊവിഡ് പാക്കേജിന്റെ ഭാഗമായി, സ്ത്രീകളുടെ ജന്‍ധന്‍ അക്കൗണ്ടുകളില്‍ മൂന്ന് മാസത്തേക്ക് 500 രൂപ വെച്ച് നല്‍കുമെന്ന കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപനം വെള്ളിയാഴ്ച മുതല്‍ നടപ്പാക്കി തുടങ്ങും. അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം അടിസ്ഥാനമാക്കിയാണ് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുക.അക്കൗണ്ട് നമ്പറിലെ അവസാനത്തെ അക്കം പൂജ്യമോ ഒന്നോ ആണെങ്കില്‍ ഏപ്രില്‍ മുന്നിനും രണ്ടോ മൂന്നോ ആണെങ്കില്‍ ഏപ്രില്‍ നാലിനും പണം പിന്‍വലിക്കാം. നാലും അഞ്ചും ആണെങ്കില്‍ ഏപ്രില്‍ ഏഴിനും ആറും ഏഴും ആണെങ്കില്‍ ഏപ്രില്‍ 8നും എട്ടും ഒന്‍പതും ആണെങ്കില്‍ ഏപ്രില്‍ ഒന്‍പതിനും ലഭ്യമാകും. ഒമ്പതാം തിയതിക്കുശേഷം അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാം.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് അനുസരിച്ചാണ് കേന്ദ്രം പദ്ധതി നടപ്പിലാക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പണം പിന്‍വലിക്കാനായി ആളുകള്‍ കൂട്ടത്തോടെ ബാങ്കുകളില്‍ വരരുതെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.