Monday, January 21, 2019

കേരളത്തിന്റെ അന്താരാഷ്‌ട്ര നാടകോത്സവത്തിന്‌ തൃശ്ശൂരിൽ ഉജ്വല തുടക്കം

കേരളത്തിന്റെ അന്താരാഷ്‌ട്ര നാടകോത്സവത്തിന്‌ ഉജ്വല തുടക്കം. കേരള സംഗീതനാടകഅക്കാദമിയിലെ മുരളി തിയറ്ററിൽ   വടമ എഴുത്തിടം അവതരിപ്പിച്ച ‘കടിയെണക്കം’ മരത്താളം പരമ്പരാഗത താളക്കച്ചേരിയോടെയാണ്‌  ഇറ്റ്‌ഫോക്ക്‌‐2019 ആരംഭിച്ചത്. 

കാണികളിൽ സമ്മിശ്രപ്രതികരണമുണർത്തിയാണ് ഇറ്റ്ഫോക്കിലെ ആദ്യദിനം കടന്നുപോയത്. ഇഴച്ചിലും മടുപ്പും ഉളവാക്കിയ ഒരു വിഭാഗവും നാടകത്തെ ശരിയായ ഭാഷയിൽ ഏറ്റെടുത്ത മറുവിഭാഗവും ആദ്യദിനം ഉണ്ടായി. 
തെളിഞ്ഞ ഭാഷയിൽ ശ്രീലങ്കൻ ചായത്തോട്ടങ്ങളിലെ തമിഴ് തൊഴിലാളികളുടെ അടിമജീവിതം വരച്ചു കാണിച്ച ശ്രീലങ്കയിലെ ജനകരലിയയുടെ തിത്ത കഹാത്ത നാടകത്തോടെയാണ് പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് തുടക്കമായത്. ഇറാനിലെ അബോൽഹസാനി തിയറ്റർ ആർട്ട‌് ഗ്രൂപ്പിനുവേണ്ടി അബ്ബാസ് അബോൽഹസാനി ഒരുക്കിയ 'ദ വെൽ' നാടകവും പ്രേക്ഷകർക്ക് പ്രിയതരമായി

ഔപചാരിക ഉദ്‌ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിച്ചു. അമ്മന്നൂർ പുരസ്‌കാരം  നാടകപ്രവർത്തകൻ പ്രസന്നയ്‌ക്ക്‌ മന്ത്രി സമ്മാനിച്ചു.  അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത അധ്യക്ഷയായി. ഫെസ്‌റ്റിവൽ ഡയറക്ടറേറ്റ്‌ അംഗം എം കെ റെയ്‌ന ആമുഖപ്രഭാഷണം നടത്തി. ഫെസ്‌റ്റിവൽ ഡയറക്ടർ ജി കുമാരവർമ പ്രശംസാപത്രം വായിച്ചു. ഫെസ്‌റ്റിവൽ ബുക്കും ഡെയ്‌ലി ബുള്ളറ്റിനും മന്ത്രി സി രവീന്ദ്രനാഥ്‌  അരുന്ധതി നാഗിനു നൽകി പ്രകാശനം ചെയ്‌തു.  സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ സംസാരിച്ചു. സംഗീതനാടകഅക്കാദമി സെക്രട്ടറി എൻ രാധാകൃഷ്‌ണൻ നായർ സ്വാഗതവും എക്‌സി. അംഗം ഫ്രാൻസിസ്‌ ടി മാവേലിക്കര നന്ദിയും പറഞ്ഞു.
നാടകോത്സവം 26ന്‌ സമാപിക്കും.