ശൈഖ് സായിദ് റോഡിന് എതിർവശത്തായി അൽ സുഫോഹിലാണ് കെട്ടിടം ഉയരുക. മരുഭൂമികളിലെ മണൽക്കൂനകളിൽ കാറ്റടിച്ച് രൂപപ്പെടുന്ന അലകളിൽനിന്ന് ഇതിനോടുചേർന്ന് നിലകൊള്ളുന്ന മരുപ്പച്ചയിൽ നിന്നുമാണ് കെട്ടിടത്തിൻെറ മാതൃകയുടെ ആശയം രൂപപ്പെട്ടിട്ടുള്ളത്.. അൽ സുഫോഹിൽ 550 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ കെട്ടിടത്തോടുചേർന്ന് അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസകേന്ദ്രങ്ങൾ കൂടിയുണ്ടാവും. കെട്ടിടത്തിൻെറ മാതൃക ശൈഖ് മുഹമ്മദ് പരിശോധിച്ചു.
ശൈഖ് മുഹമ്മദിൻെറ വിരലടയാളത്തിൻെറ മാതൃകയിലാണ് കെട്ടിടത്തിൻെറ അടിത്തറ നിർമിക്കുന്നത്. കലാ-സാംസ്‌കാരിക പരിപാടികൾക്കുള്ള വേദികളാണ് ഇവിടെ ഒരുക്കുക. ജലധാരകളും ആംഫിതിയേറ്ററും പച്ചപ്പുനിറഞ്ഞ ഇടങ്ങളുമെല്ലാമായി മനംമയക്കുന്ന കാഴ്ചകളോടെയാണ് ബുർജ് ജുമേറ വാതിൽ തുറക്കുക.കെട്ടിടത്തിൻെറ മുൻവശം ഡിജിറ്റൽ ഡിസ്‌പ്ലേയോട് കൂടിയതാണ്. ആഘോഷരാവുകളിലും പ്രത്യേക സന്ദർഭങ്ങളിലും ഇത് പലതരത്തിൽ പ്രയോജനപ്പെടുത്താൻ കഴിയും. ദുബായ് നഗരത്തിൻെറ 360 ഡിഗ്രി പനോരമിക് കാഴ്ച നൽകുന്ന നിരീക്ഷണ ഡെക്കുകളും സൗകര്യങ്ങളും നൂതന സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് ബുർജ് ജുമേറ ഉയരുന്നത്.