Sunday, February 17, 2019

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ

വിനോദയാത്രകൾ പോലെത്തന്നെ പ്രാധാന്യമുള്ളതാണ് അൽപ്പം ആത്മീയത ഉൾപ്പെട്ട തീർത്ഥയാത്രകളും

പൂരങ്ങളുടെ നാടായ, കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങൾ ഏതൊക്കെയെന്നു ഒന്ന് നോക്കാം. 

1) വടക്കുംനാഥ ക്ഷേത്രം തൃശ്ശൂർ : 

തൃശ്ശൂർ പട്ടണം തന്നെ നിലനിൽക്കുന്നത് വടക്കുംനാഥ ക്ഷേത്രത്തിന്റെയും അതിനോടനുബന്ധിച്ചുള്ള തേക്കിൻകാട് മൈതാനത്തിന്റെയും ചുറ്റിനുമാണ്. ശ്രീ വടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്. 20 ഏക്കർ വിസ്താരമേറിയ നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണവഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. തൃശ്ശൂരിന്റെ പെരുമ ലോകമെങ്ങും എത്തിച്ച തൃശ്ശൂർ പൂരം നടക്കുന്നത് ഇവിടെയാണ്.

2) പുത്തൻപള്ളി തൃശ്ശൂർ : 

തൃശൂർ നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന സീറോ മലബാർ കത്തോലിക്കാ ദേവാലയമാണ് പുത്തൻ പള്ളി എന്നറിയപ്പെടുന്ന വ്യാകുലമാതാവിന്റെ ബസിലിക്ക. വടക്കുംനാഥ നടക്കാവുന്ന ദൂരമേയുള്ളൂ പുത്തന്പള്ളിയിലേക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവാലയമായ പുത്തൻപള്ളിയുടെ ആകെ വിസ്തീർണ്ണം 25,000 ചതുരശ്ര അടിയാണ്. ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ മൂന്നാമതുമാണ് ഈ പള്ളി. 146അടി വീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിൾ ടവറും ചേർന്നതാണ് ഈ പള്ളിയുടെ ഘടന. ശക്തൻ തമ്പുരാൻ നൽകി പണികഴിപ്പിച്ചതാണ് പുത്തൻപള്ളി. ജാതിമതഭേദമന്യേ ഇവിടെ ഭക്തർ സന്ദർശിക്കുന്നു. ഇവിടത്തെ ബൈബിൾ ടവറിൽ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്.

3) ഗുരുവായൂർ ക്ഷേത്രം :


കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂർ ക്ഷേത്രം തൃശ്ശൂർ ജില്ലയിലാണുള്ളത്. തിരുപ്പതി ക്ഷേത്രം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന പുണ്യസങ്കേതമാണ് ഗുരുവായൂര്‍. ഗുരുവായൂർ ക്ഷേത്രത്തിന് അയ്യായിരം വർഷം എങ്കിലും പഴക്കം ഉണ്ട് എന്നു വിശ്വസിക്കുന്നു. തൃശ്ശൂരിൽ നിന്നും ഏകദേശം 25 കിലോമീറ്റർ ദൂരത്തായാണ് ഗുരുവായൂർ. 
ഗുരുവായൂരിൽ താമസ സൗകര്യങ്ങളുമായി ദേവസ്വം നടത്തുന്ന സ്ഥാപനങ്ങളുണ്ട്. സത്രം, കൗസ്തുഭം റെസ്റ്റ് ഹൗസ്, പാഞ്ചജന്യം റെസ്റ്റ് ഹൗസ്, ശ്രീവത്സം ഗസ്റ്റ് ഹൗസ് ഇവയാണ് ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള താമസസ്ഥലങ്ങൾ. ഇവയെല്ലാം കിഴക്ക്, തെക്ക് നടകളിലാണ് സ്ഥിതിചെയ്യുന്നത്. ഇവയ്ക്കു പുറമേ ക്ഷേത്രത്തിനു സമീപം ധാരാളം സ്വകാര്യ ഹോട്ടലുകളും അതിഥിമന്ദിരങ്ങളുമുണ്ട്. മമ്മിയൂർ മഹാദേവക്ഷേത്രം, ഗുരുവായൂർ പാർത്ഥസാരഥിക്ഷേത്രം,ഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രം, ചൊവ്വല്ലൂർ ശിവക്ഷേത്രം എന്നിവയാണ് സമീപ പ്രദേശങ്ങളിലുള്ള മുഖ്യ ക്ഷേത്രങ്ങൾ.

4) കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം :


കേരളത്തിലെ പ്രശസ്തമായ ഭദ്രകാളി ക്ഷേത്രമാണ് കൊടുങ്ങല്ലൂർ ക്ഷേത്രം. ക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂർ ഭരണി എന്നാണറിയപ്പെടുന്നത്. കാവുതീണ്ടല്, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴികല്ല്‌ മൂടല്, പാലക്കാവേലൻറെ വരവ്‌ എന്നിവ പ്രത്യേക അനുഷ്ഠാനങ്ങളാണ്. എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. തെറിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവർ വരിക. ഇവിടേക്ക് ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്.

5) കൊരട്ടിമുത്തിയുടെ പള്ളി :

തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയ്ക്ക് സമീപത്തുള്ള പ്രദേശമാണ് കൊരട്ടി. ഇവിടത്തെ കൊരട്ടി ഫൊറോന പള്ളി പ്രസിദ്ധമാണ്. കൊരട്ടിപ്പള്ളി എന്ന പേരിലാണ് പള്ളിയും കൊരട്ടിമുത്തി എന്നാണ് പള്ളിയിലെ ആരാധനാ മൂർത്തിയും അറിയപ്പെടുന്നത്. ട്ടു ദിവസം നീണ്ടുനില്ക്കുന്ന ഇവിടുത്തെ തിരുനാൾ ആഘോഷങ്ങൾ ഒക്ടോബർ മാസം രണ്ടാംവാരം മുതലാണ് ആരംഭിക്കുന്നത്. പൂവൻ കുല മാതാവ് എന്നും കൊരട്ടിമുത്തി അറിയപ്പെടുന്നു. നാനാജാതി മതസ്ഥർ പങ്കെടുക്കുന്ന പള്ളിപ്പെരുന്നാൾ വളരെ പ്രശസ്തമാണ്.

7) ചേരമാൻ ജുമാ മസ്ജിദ്‌, കൊടുങ്ങല്ലൂർ :

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌. ഇന്ത്യയിലെ തന്നെ ജുമ‍‘അ നമസ്കാരം ആദ്യമായി നടന്ന ഈ പള്ളി AD 629 -ലാണ് സ്ഥാപിക്കപ്പെട്ടത്. നിലവിളക്ക്‌ കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ തന്നെ ഏക മുസ്ലിം പള്ളിയാണ്‌ ചേരമാൻ പള്ളി. പള്ളി സന്ദർശിക്കുന്നവർക്ക്‌ ഈ വിളക്കിലെ എണ്ണ പ്രസാദമായി നല്കുകയും ചെയ്യുന്നു. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെയാണ്‌ ഈ എണ്ണ പ്രസാദമായി വാങ്ങാൻ കൊടുങ്ങല്ലൂർ നിവാസികൾ ഈ പള്ളിയിലെത്തുന്നത്‌.

8) തിരുവില്വാമല ക്ഷേത്രം : 


തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനും അനുജൻ ലക്ഷ്മണനുമാണ് ഇവിടത്തെ പ്രതിഷ്ഠകൾ. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നിൻ മുകളിലെ ഈ ക്ഷേത്രത്തിൽ നിന്നും നോക്കിയാൽ താഴെ ഭാരതപ്പുഴ ഒഴുകുന്ന കാഴ്ച കാണുവാൻ സാധിക്കും.

9) തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം : 

തൃശ്ശൂരിലെഅതിപുരാതനക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണക്ഷേത്രംതൃശ്ശൂർ പൂരത്തിന്റെമുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. തൃശ്ശൂർ നഗരത്തിന് വടക്കുഭാഗത്ത് പാട്ടുരായ്ക്കൽ ഷൊർണ്ണൂർ റോഡിലായി സ്ഥിതിചെയ്യുന്നു.തിരുവമ്പാടി കൃഷ്ണനാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. തിരുവമ്പാടി ഭഗവതിയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രതിഷ്ഠ. ഉണ്ണികൃഷ്ണന്റെ രൂപത്തിലുള്ള ഭഗവദ്വിഗ്രഹത്തിന് മൂന്നടി പൊക്കമുണ്ട്. ബാലരൂപത്തിലുള്ള ഭദ്രകാളിയാണ് തിരുവമ്പാടിയമ്മ. ടിപ്പുവിന്റെ പടയോട്ടകാലത്താണ് തിരുവമ്പാടിയുടെ ചരിത്രത്തിന്റെ തുടക്കം. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കെ അങ്ങാടിയിൽ കണ്ടൻകാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. കൃഷ്ണനോടൊപ്പം പോന്നതായി സങ്കൽപ്പിക്കുന്ന ബാലഭഭ്രകാളിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. 

 10) പാറമേക്കാവ് ഭഗവതിക്ഷേത്രം :


തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രംതൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ അതേ പ്രതിഷ്ഠയാണ്. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.


ഇവയെക്കൂടാതെ പാമ്പുമേക്കാട്ടുമന, ഉത്രാളിക്കാവ്, ആറാട്ടുപുഴ ക്ഷേത്രം, ഒല്ലൂർ ഫൊറോന പള്ളി, കുര്യച്ചിറ പള്ളി തുടങ്ങി നിരവധി പ്രശസ്തമായ ആരാധനാലയങ്ങൾ തൃശ്ശൂർ ജില്ലയിലുണ്ട്.