Monday, February 18, 2019

സംസ്ഥാന വ്യാപകമായി ഇന്ന് ഹര്‍ത്താല്‍

കാസര്‍കോഡ്: പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍
ഞായറാഴ്ച രാത്രി എട്ടോടെ കല്യോട്ട്- തന്നിത്തോട് റോഡിലെ കണ്ണാടിപ്പാറയിലാണ് സംഭവം. കല്യോട്ട് സ്വദേശികളായ കൃപേഷ് (19), ശരത് ലാല്‍ (ജോഷി- 24) എന്നിവരാണു കൊല്ലപ്പെട്ടത്. പെരിയ കല്യോട്ട് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ഇടിച്ചു വീഴ്ത്തിയശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൃപേഷ് സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെത്തുടര്‍ന്ന് കല്യാട്ട് ടൗണില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.