ഹിമപാതത്തിൽ തകർന്ന വീടുകൾക്കടിയിൽ പെട്ടവരെ രക്ഷിക്കുന്നതിനായി ജർമനിയുടെയും ഓസ്ട്രിയയുടെയും വിവിധ ഭാഗങ്ങളിൽ ടാങ്കുകളും ട്രൂപ്സുകളും ജാഗ്രതയോടെ രംഗത്തുണ്ട്. റോഡുകളുടെ അവസ്ഥ ഹിമപാതത്താൽ ഗുരുതരമായിരിക്കുന്നതിനാൽ ഓസ്ട്രിയയിലെ സ്‌കി റിസോർട്ടുകളിലേക്ക് വരുകയും പോവുകയും ചെയ്യുന്നവർ എയർപോർട്ടുകളിലെത്താൻ വിഷമിക്കുന്നുണ്ട്. ഇത്തരത്തിൽ പെട്ട് പോയവരിൽ ബ്രിട്ടീഷ് സ്‌കീയർമാരും ഉൾപ്പെടുന്നു. എന്നാൽ ബ്രിട്ടീഷുകാർ മഞ്ഞിൽ പെട്ട് പോയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ലെന്നാണ് ട്രാവൽ ഇന്റസ്ട്രി ഉറവിടങ്ങൾ വെളിപ്പെടുത്തുന്നത്.
ശനിയാഴ്ച സ്വിറ്റ് സർസണ്ടിലെ റസ്റ്റോറന്റിന് മുകളിലേക്ക് കൂറ്റൻ മഞ്ഞ് മല ഇടിഞ്ഞ് വീണതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നിരുന്നു.അതിഥികൾ ഹോട്ടലിനകത്ത് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു അത്യാഹിതമുണ്ടായതെന്നതിനാൽ കടുത്ത ആശങ്ക ഉടലെടുത്തിരുന്നു. 1000 അടി ഉയരമുള്ള മഞ്ഞുമലയായിരുന്നു കാന്റൻ ഓഫ് അപ്പെൻസെൽ ഓസർഹോഡെനിലെ സ്‌ക്വാഗൽപിലെ ഹോട്ടലിന് മുകളിലേക്ക് നിലം പതിച്ചിരുന്നത്. തൽഫലമായി മൂന്ന് പേർക്ക് പരുക്കേറ്റിരുന്നു. ഈ അടുത്ത ദിവസങ്ങളിലായി കടുത്ത ഹിമപാതമുണ്ടായതിനെ തുടർന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങൾ കടുത്ത പ്രതിസന്ധിയിലായിത്തീർന്നിട്ടുണ്ട്.
വിവിധ രാജ്യങ്ങളിലെ വിദൂര പർവത ഗ്രാമങ്ങളെ തീർത്തും ഒറ്റപ്പെടുത്തിയിരുന്നു. വിവിധയിടങ്ങളിൽ വ്യാപകമായ ഗതാഗതതടസങ്ങളും നിലനിൽക്കുന്നുണ്ട്. വിവിധ പ്രദേശങ്ങളിൽ മഞ്ഞിടിച്ചിൽ മുന്നറിയിപ്പ് കർക്കശമായി ഉയർത്തിയിട്ടുമുണ്ട്. സതേൺ ജർമനിയുടെ മിക്ക ഭാഗങ്ങളിലുമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ മഞ്ഞിടിച്ചിലിൽ പെട്ട് പോയവരെ രക്ഷിക്കുന്നതിനായി സൈനികർ സജ്ജരായി റോന്ത് ചുറ്റുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനായി അൽബേനിയ,മോൺടിനെഗ്രോ, സെർബിയ എന്നിവിടങ്ങളിലും പട്ടാളത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ഓസ്ട്രിയൻ മിലിട്ടറി ഒരു മൗണ്ടയിൻ ഗസ്റ്റ്ഹൗസിൽ നിന്നും വെള്ളിയാഴ്ച 66 ജർമൻകാരെ മോചിപ്പിച്ചിരുന്നു. ഇവർ നിരവധി ദിവസങ്ങളിലായി ഇവിടെ പെട്ട് പോയതായിരുന്നു. ഓസ്ട്രിയയുടെ വിവിധ ഭാഗങ്ങളിൽ പത്തടി വരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മഞ്ഞ് വീണിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച മുതൽ ഇവിടെ രണ്ട് ഹൈക്കേർസിനെ കാണാതാവുകയും ചെയ്തിരുന്നു. സ്വീഡനിലും നോർവേയിലും ഇതേ പോലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അടുത്ത ആഴ്ചയുടെ മധ്യം വരെ കടുത്ത മഞ്ഞ് നിലനിൽക്കുമെന്നാണ് മുന്നറിയിപ്പ്.