Friday, January 18, 2019

വ്യാജ ഓൺലൈൻ സൈറ്റുകളെ എങ്ങിനെ തിരിച്ചറിയാം?

ആമസോണിൽ 3700 രൂപ വില വരുന്ന സാംസംഗ് EVO പ്ലസ് 125 ജിബി മെമ്മറി കാർഡ് 800 രൂപയ്ക്ക് മറ്റൊരു ഷോപ്പിംഗ് പോർട്ടലിൽ ഡിസ്കൗണ്ട് ഓഫറായി വിൽപ്പനയ്ക്ക് വച്ചിരിക്കുമ്പോൾ … അതിന്റെ പരസ്യങ്ങൾ ഫേസ് ബുക്കിൽ മിന്നി മറഞ്ഞുകൊണ്ടിരിക്കുമ്പോൾ കുറച്ചു പേരെങ്കിലും ആ പ്രലോഭനങ്ങളിൽ വീണ്‌ ഇത്തരം ഷോപ്പിംഗ് പോർട്ടലുകളിൽ പോയി സാധനങ്ങൾ വാങ്ങി കാശു കളയാറുണ്ട്.

   
 ആമസോണിലും ഫ്ലിപ് കാർട്ടിലുമൊക്കെ ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇടനിലക്കാർ മാത്രമായ ഈ പ്രമുഖ ഷോപ്പിംഗ് പോർട്ടലുകളെല്ലാം ഉപഭോക്താക്കളുടെ താല്പര്യങ്ങൾ പരമാവധി സംരക്ഷിക്കാറുണ്ട്. അതായത് ഇഷ്ടമില്ലെങ്കിൽ സാധനങ്ങൾ തിരിച്ചയക്കാനും പണം റീഫണ്ട് ചെയ്യാനുമെല്ലാമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നു. അതിനാൽ വഞ്ചിതരാകാനുള്ള സാദ്ധ്യത പൊതുവേ ഇവിടെ കൂറവാണ്‌.



പക്ഷേ അതുപോലെയല്ല കൂണുപോലെ മുളച്ചു വരുന്ന മറ്റ് ഷോപ്പിംഗ് പോർട്ടലുകളുടെ കാര്യം. ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ ധനനഷ്ടം ഉറപ്പ്. ഒരു ഷോപ്പിംഗ് പോർട്ടൽ തുടങ്ങുക എന്നത് ഇക്കാലത്ത് വളരെ എളുപ്പമുള്ള കാര്യമായതിനാലും കാര്യമായ മുതൽമുടക്കൊന്നും ആവശ്യമില്ലാത്തതിനാലും ഈ മേഖലയിൽ കള്ളനാണയങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു.


ഈ അടുത്ത ദിവസം ഫേസ് ബുക്ക് സ്പോൺസേഡ് പോസ്റ്റുകൾ വഴിയും മറ്റുമുള്ള പരസ്യങ്ങളിൽ വീണ്‌ ഒരു സുഹൃത്ത് ഈ വെബ് സൈറ്റിൽ നിന്നും ഒരു ‘സ്മാർട്ട് പേഴ്സ്’ വാങ്ങി. കുറ്റം പറയരുതല്ലോ ഫീച്ചറുകൾ പറഞ്ഞുള്ള വർണ്ണനകളിൽ ആരും വീഴും.
പേഴ്സിൽ തന്നെ പവർ ബാങ്ക്, പേഴ്സും മൊബൈൽ ഫോണും തമ്മിൽ ബ്ലൂടൂത്ത് വഴി കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ പേഴ്സ് നഷ്ടപ്പെട്ടാൽ ഉടൻ മൊബൈൽ ഫോണിലെ അലാറം പ്രവർത്തിക്കും, പേഴ്സ് എവിടെയാണെന്ന് കണ്ടുപിടീക്കാനായി ജി പി എസ് ട്രാക്കർ, വൈഫൈ ഹോട് സ്പോട്ട്.. ഇങ്ങനെ ഫീച്ചറുകളുടെ അയ്യരുകളിയാണ്‌. വിലയോ.. ഡിസ്കൗണ്ടോടെ വെറും 1895/- രൂപ മാത്രം.
ആരായാലും ഇത്രയൊക്കെ ആരായാലും ഇത്രയൊക്കെ ഫീച്ചറുകളുള്ള ഒരു പേഴ്സ് ഈ വിലയ്ക്ക് കിട്ടിയാൽ വാങ്ങാതിരിക്കുമോ? സുഹൃത്തും വാങ്ങി. കാഷ് ഓൺ ഡലിവറി ആയാണ്‌ വാങ്ങിയത്. കൃത്യ സമയത്തിനു തന്നെ സാധനമെത്തി. ഒരു പേഴ്സും അതിനകത്ത് ഒരു പവർ ബാങ്കും മാത്രം. തിരിച്ച് അയയ്ക്കാനായി അവരുടെ വെബ് സൈറ്റിൽ കണ്ട മൊബൈൽ നമ്പരിൽ വിളിച്ചപ്പോൾ നിലവിലില്ല. പ്രസ്തുത വെബ് സൈറ്റിൽ കൊടുത്തിരിക്കുന്ന ഫേസ് ബുക്ക് പേജ് ലിങ്ക് മറ്റൊരു വെബ് സൈറ്റിന്റെ ഫേസ് ബുക്ക് പേജിലേക്ക്. അവരുടെ നമ്പരിൽ വിളിച്ചു. അവർക്ക് ഇപ്പറഞ്ഞ സൈറ്റിനെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇനി ഈ ഫോൺ അറ്റന്റ് ചെയ്തവരുടെ വെബ് സൈറ്റ് ഒന്ന് നോക്കുക. (todaylivedeal.com) അവരും ഇവരും തമ്മിൽ ബന്ധമൊന്നുമില്ലെങ്കിലും അന്തർധാര വ്യക്തമാകും.

1. ഇത്തരം വെബ് സൈറ്റുകളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടാനുള്ള വിവരങ്ങൾ നോക്കുക. ഏതെങ്കിലും ഒരു മൊബൈൽ ഫോൺ നമ്പർ മാത്രമോ അല്ലെങ്കിൽ വാലും തലയുമില്ലാത്ത ഒരു വിലാസമോ ഒക്കെ ആയിരിക്കും നൽകിയിട്ടുണ്ടാവുക. ലാൻഡ് ലൈൻ നമ്പർ ഉണ്ടാകാനുള്ള സാദ്ധ്യതകൾ വളരെ കുറവായിരിക്കും. അപൂർണ്ണവും അവ്യക്തവുമായ ഇത്തരം വിവരങ്ങൾ നൽകുന്നതോ ഒട്ടും തന്നെ വിവരങ്ങൾ ലഭ്യമല്ലാത്തതോ ആയ പോർട്ടലുകളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നതാണ്‌ ബുദ്ധി.
2. ഡൊമൈനിന്റെ ഉടമസ്ഥാവകാശ വിവരങ്ങൾ ലഭ്യമാണോ എന്ന് നോക്കുക. അതിനായി https://whois.icann.org/en ൽ പോയി ഡൊമൈൻ അഡ്രസ് നൽകിയാൽ മതി. ഉടമസ്ഥാവകാശ വിവരങ്ങൾ മറയ്ക്കപ്പെട്ടിരിക്കുന്നു എങ്കിൽ പ്രസ്തുത പോർട്ടലിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കാവുന്നതാണ്‌. പോർട്ടലിന്റെ പേജിൽ നൽകിയിരിക്കുന്ന വിവരങ്ങളും ഡൊമൈൻ രജിസ്ട്രി ഡാറ്റാബേസിൽ ഉള്ള വിവരങ്ങളും തമ്മിൽ ഒത്തുപോകുന്നില്ലെങ്കിലും സംശയിക്കാവുന്നതാണ്‌. നല്ല സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ സുതാര്യത പുലർത്തുന്നു.
3. അതിശയകരമായ വിലക്കുറവുകളും ഡിസ്കൗണ്ടുകളും. ഒരു തരത്തിലും സാദ്ധ്യമല്ലാത്ത തരത്തിലുള്ള ഡിസ്കൗണ്ടുകൾ നൽകുന്ന പോർട്ടലുകളെ സംശയ ദൃഷ്ടിയോടെ കാണുക. വില വിവരങ്ങൾ മറ്റ് പ്രമുഖ പോർട്ടലുകളുമായി താരതമ്യപ്പെടുത്തി നോക്കുക. യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കാത്ത തരം വിലക്കുറവാണെങ്കിൽ കള്ളക്കളി സംശയിക്കാം.
4. വെബ് സൈറ്റിന്റെ പേരിനോടൊപ്പം scam, fraud, തുടങ്ങിയവ കൂടി ചേർത്ത് ഒന്ന് ഗൂഗിൾ സേർച്ച് ചെയ്ത് നോക്കുക.
5. About, Contact പേജുകളിലെയും മറ്റ് വിവരങ്ങൾ നൽകുന്ന പേജുകളിലെയും ഭാഷ ഒന്ന് ശ്രദ്ധിക്കുക. ചില വാചകങ്ങൾ കോപ്പി ചെയ്ത് ഗൂഗിളിൽ പേസ്റ്റ് ചെയ്ത് പരതി നോക്കുക. തട്ടിക്കൂട്ട് തട്ടിപ്പ് പരിപാടിയാണെങ്കിൽ മിക്കവാറും മറ്റേതെങ്കിലും പ്രമുഖ വെബ് പോർട്ടലുകളിൽ നിന്നും അതേ പോലെ പകർത്തിയത് ആയിരിക്കും.
6. മുൻപൊക്കെ വെബ് സൈറ്റിന്റെ ഡിസൈനിലെയും ലോഗോയിലെയും മറ്റും പ്രൊഫഷണലിസവും നോക്കി ഒറ്റ നോട്ടത്തിൽ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകുമായിരുന്നു എങ്കിൽ ഇന്ന് അത് അത്ര എളുപ്പമല്ല. കെട്ടിലും മട്ടിലും പ്രമുഖ പോർട്ടലുകളെ വെല്ലുന്ന ഡിസൈനും ഇന്റർഫേസുമൊക്കെയായി വ്യാജന്മാരുണ്ട്.
7. കാഷ് ഓൺ ഡലിവറി ഒരു സുരക്ഷിതമായ മാർഗ്ഗമാണെങ്കിലും പെട്ടി പൊട്ടിച്ച് തുറന്ന് നോക്കുമ്പോൾ അബദ്ധം പറ്റുന്നത് പതിവാണ്‌. തിരിച്ച് അതേ കൊറിയറുകാരൻ തന്നെ കൊണ്ടുപോകണമെന്നില്ല. റിട്ടേൺ റിക്വസ്റ്റ് പ്ലേസ് ചെയ്യാൻ നോക്കുമ്പോഴായിരിക്കും പ്രശ്നം മനസ്സിലാവുക. കസ്റ്റമർ കെയർ എന്ന ഒന്ന് ഇത്തരം പോർട്ടലുകൾക്ക് ഉണ്ടാകില്ല. നൽകിയിരിക്കുന്ന ഫോൺ നമ്പരിൽ വിളിച്ചാൽ അതുമായി യാതൊരു ബന്ധവുമില്ലാത്ത ആരെങ്കിലുമായിരിക്കും ഫോൺ എടുക്കുക. അതിനാൽ ഇനി വാങ്ങിയേ തീരൂ എന്നാണെങ്കിൽ ഒന്ന് ഫോൺ ചെയ്ത് ഇങ്ങനെ ഒരു സ്ഥാപനം ഉണ്ടോ എന്ന് എങ്കിലും ഉറപ്പ് വരുത്താൻ ശ്രദ്ധിക്കുക.
8. എങ്ങിനെയെങ്കിലും പറ്റിക്കപ്പെട്ടാൽ പരാതിപ്പെട്ടതുകൊണ്ട് കാര്യമായ പ്രയോജനങ്ങളൊന്നുമില്ലെങ്കിലും പരാതിപ്പെടുകയും സോഷ്യൽ മീഡിയയിലും മറ്റ് ഓൺലൈൻ പരാതിപ്പെട്ടികളിലും വെബ് സൈറ്റിന്റെ പേരു സഹിതം അനുഭവം പങ്കുവയ്ക്കാനെങ്കിലും ശ്രദ്ധിക്കുക. മറ്റുള്ളവർ പറ്റിക്കപ്പെടാതിരിക്കാനെങ്കിലും അത് ഉപകരിക്കും