Thursday, February 14, 2019

മൂന്നുപീടിക ബീച്ച് റോഡ് ടൈൽ വിരിക്കൽ പൂർത്തിയായി

പത്തുദിവസം കൊണ്ട് നവീകരണം പൂർത്തിയാക്കി മൂന്നുപീടിക ബീച്ച് റോഡ് ഗതാഗതത്തിനായി തുറന്നു.
വ്യാഴാഴ്ച രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ റോഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും



250 മീറ്റർ ദൂരം ടൈൽ വിരിച്ച് മനോഹരമാക്കിയ റോഡിലൂടെ ബുധനാഴ്ച ഉച്ച മുതൽ വാഹനങ്ങളോടിത്തുടങ്ങി. വാഹനത്തിരക്കുമൂലം സ്ഥിരം തകർച്ചയിലായിരുന്ന റോഡിലൂടെയുള്ള സഞ്ചാരം ദുഷ്‌കരമായതോടെ വ്യാപകമായ പരാതിയായിരുന്നു. യാത്രക്കാരുടെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് റോഡ് നവീകരിച്ചത്.
ദേശീയപാത 66-ൽ നിന്നാരംഭിച്ച് 250 മീറ്റർ ദൂരത്തിലാണ് ഇപ്പോൾ ടൈൽ വിരിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ഇരുപത് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.
കയ്പമംഗലത്തെ പ്രധാന ബീച്ച് റോഡുകളിലൊന്നാണ് മൂന്നുപീടിക ബീച്ച് റോഡ്. അഴീക്കോട്, ചാമക്കാല, നാട്ടിക ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള നിരവധി സ്വകാര്യ ബസ് സർവീസുകളുൾപ്പെടെ ദിവസേനെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
രണ്ടരക്കിലോമീറ്റർ ദൂരമുളള റോഡിൽ തകർച്ച പതിവായതോടെയാണ് ടൈൽ വിരിക്കാൻ തീരുമാനിച്ചത്. ഇതിന്റെ ആദ്യ ഘട്ടമായാണ് 250 മീറ്റർ ദൂരത്തിൽ ടൈൽ വിരിക്കൽ പൂർത്തിയാക്കിയത്. 20 ദിവസം കൊണ്ട് പണി തീർക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും പത്ത് ദിവസം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിഞ്ഞത് വ്യാപാരികൾക്കും യാത്രക്കാർക്കും അനുഗ്രഹമായി.