Thursday, October 3, 2019

വിയറ്റ്നാമിലെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന നിറം മാറുന്ന ഗ്രാമം

ഓരോ കാലങ്ങളിലും വ്യത്യസ്ത നിറങ്ങള്‍ അണിഞ്ഞ് സാപ്പ എന്ന വിയറ്റനാം ഗ്രാമം സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത് പ്രകൃതി ഭംഗിയുടെ കണ്ണ് കുളിര്‍പ്പിക്കുന്ന മനോഹര കാഴ്ചകളാണ്. പര്‍വതങ്ങള്‍ക്ക് ചുറ്റുമുള്ള ചെറിയ പ്രാദേശിക ഗ്രാമങ്ങളുടെ ഒരു ശേഖരമാണ്. വിയറ്റ്നാമിലെ നഗരങ്ങളില്‍ നിന്നു വേറിട്ട് സ്ഥിതി ചെയ്യുന്ന ഗ്രാമീണതയുടെ പ്രൗഡ ലോകമാണ് സാപ്പ.

വിയറ്റ്നാമിന്റെ നെല്ലറ എന്നാണ് സാപ്പ അറിയപ്പെടുന്നത്.എന്നാല്‍ നെല്ലുമാത്രമല്ല ഇവിടെ വിളയുന്നത്. സാപ്പയുടെ സൗന്ദര്യം മുഴുവന്‍ പൂത്തുലയുന്നത് സെപ്റ്റംബര്‍- ഒക്ടോബര്‍ കാലത്താണ്. 'ടെറസ്' കൃഷിയുടെ പേരില്‍ പ്രസിദ്ധമാണ് ഈ ഗ്രാമം. ടെറസ് എന്നുപറഞ്ഞാല്‍ വീടിന്റെയല്ല. മലകളുടെയും കുന്നുകളുടെയും ഒക്കെയാണ്. തട്ടുതട്ടായി വളരെ അടുക്കും ചിട്ടയോടും കൂടി നെല്ലുവിളഞ്ഞുനില്‍ക്കുന്നത്, അതും കുറച്ചൊന്നുമല്ല, മലകളും കുന്നുകളും നിറയെ കാണണമെങ്കില്‍ സാപ്പ വരെ പോയെ പറ്റൂ.
രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഫാന്‍ സി പാന്‍ ഉള്‍പ്പെടുന്ന ഹോംഗ് ലീന്‍ സോണ്‍ പര്‍വതനിരകള്‍ ഇവിടെ കാണാം. എല്ലാ വര്‍ഷവും ഓഗസ്റ്റ് - ഒക്ടോബര്‍ മാസങ്ങളില്‍ സാപ്പയിലേക്കുള്ള യാത്രയില്‍, പ്രകൃതിദൃശ്യങ്ങളുടെ പല മാറ്റങ്ങളോടെ ഈ പ്രവിശ്യ അസാധാരണമാംവിധം മനോഹരമാകുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.

 പല ഘട്ടങ്ങളിലും സാപ്പ സന്ദര്‍ശകരെ ആശ്ചര്യപ്പെടുത്തുന്നു. സീസണിന്റെ തുടക്കത്തില്‍, മുഴുവന്‍ സാപ്പ പച്ചയും മഞ്ഞയും നിറങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നുവെങ്കില്‍, സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ആദിപത്യം സ്ഥാപിക്കുന്ന മഞ്ഞനിറത്തിലെ വിളഞ്ഞ നെല്ലുകള്‍ പ്രദേശത്തെ മുഴുവന്‍ മഞ്ഞ പരവതാനികളാക്കുകയും ചെയ്യുന്നു.