ഈ ദേവാലയങ്കണത്തിലാണ് മോണ്‍. ഹ്യൂ ഓഫ്‌ളഹര്‍ട്ടി എന്ന കത്തോലിക്കാ പുരോഹിതനെ അടക്കം ചെയ്തിട്ടുള്ളത്. നാസി ഭീകരതയില്‍നിന്ന് അയ്യായിരത്തോളം ജൂതരടക്കമുള്ള മനുഷ്യരെ രക്ഷിക്കുകയും അതിന് നേതൃത്വം നല്‍കിയ ഹെര്‍ബര്‍ട്ട് കാപ്ളര്‍ എന്ന നാസി ഓഫീസറോട് നിരുപാധികം ക്ഷമിക്കുകയും ചെയ്ത വലിയ മനുഷ്യനായിരുന്നു ഹ്യൂ ഓഫ്‌ളഹര്‍ട്ടി. അഹിംസയും മനുഷ്യസ്‌നേഹവും ജീവിതമുദ്രയാക്കിയ ഡാനിയേല്‍ ഒകോണയലിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം തന്നെ മോണ്‍. ഹ്യൂ ഓഫ്‌ളഹര്‍ട്ടിക്ക് നിത്യവിശ്രമമൊരുക്കിയത് ചരിത്രനിയോഗം.
അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യസമരനായകനാണ് ഡാനിയേല്‍ ഒകോണല്‍. നൂറ്റാണ്ടുകളായുള്ള ബ്രിട്ടീഷ് അധീശത്വത്തില്‍ നിന്ന് ഐറിഷ് ജനതയെ മോചിപ്പിക്കാന്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സധൈര്യം പോരാടിയ ചരിത്രപുരുഷനായിരുന്നു അദ്ദേഹം. കൗണ്ടിക്കെറിയിലെ കര്‍ഹാന്‍ എന്ന ഗ്രാമത്തില്‍ ഒരു ധനിക കത്തോലിക്കാ കുടുംബത്തിലായിരുന്നു. ജനനം. ഐറിഷ് ഭാഷയും ഇംഗ്‌ളീഷും ഒരുപോലെ അനായാസം കൈകാര്യം ചെയ്യുന്നതില്‍ പ്രാവീണ്യമുള്ളയാളായിരുന്നു ഒകോണല്‍.
രക്തരൂഷിതമായിരുന്ന ഫ്രഞ്ച് വിപ്‌ളവവും ഐറിഷ് റിബലിയോണ്‍ പോരാട്ടങ്ങളിലെ കൂട്ടക്കുരുതികളും ഡാനിയേല്‍ ഒകോണലിനെ അസ്വസ്ഥനാക്കിയിരുന്നു. ഒരിക്കല്‍പ്പോലും രക്തം ചിന്തിയുള്ള സായുധപോരാട്ടങ്ങളെ അദ്ദേഹം പിന്തുണച്ചിരുന്നില്ല. അഹിംസാ സിദ്ധാന്തത്തിലൂടെയും നിസ്സഹകരണ പ്രസ്ഥാനങ്ങളിലൂടെയും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരേ അദ്ദേഹം പ്രക്ഷോഭങ്ങള്‍ നയിച്ചു. ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്ത ടാവ്റ ഹില്‍ പ്രകടനത്തിന് ശേഷം ഒകോണല്‍ ആഹ്വാനം ചെയ്ത ക്ലോന്റടാര്‍ഫ് സമ്മേളനം ബ്രിട്ടീഷുകാര്‍ നിരോധിച്ചു.
ഏറെ താമസിയാതെ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് ചരിത്രത്തിലാദ്യമായി ഐറിഷ് കാരനായ ഡാനിയേല്‍ ഒകോണല്‍ തിരഞ്ഞെടുക്കപ്പെട്ടു. അടിമവ്യാപാരത്തെയും വര്‍ണവിവേചനത്തെയും ഒകോണല്‍ ശക്തമായി എതിര്‍ത്തിരുന്നു. ദരിദ്രരായ കര്‍ഷകത്തൊഴിലാളികള്‍ക്കായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധീരമായി ശബ്ദമുയര്‍ത്തി. അമേരിക്കയില്‍ അന്ന് നിലവിലുണ്ടായിരുന്ന അടിമക്കച്ചവടവും വര്‍ണവെറിയും കൊണ്ട് മാത്രമാണ് ഡാനിയേല്‍ ഒകോണല്‍ ആ നാട് സന്ദര്‍ശിക്കാതിരുന്നത്. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ഹസ്തദാനം കൊടുക്കാന്‍ പോലും അദ്ദേഹം മടിച്ചിരുന്നു.
കറുത്തവര്‍ഗക്കാരനായ എഴുത്തുകാരനും ആക്ടിവിസ്റ്റുമായിരുന്ന ഫ്രെഡറിക് ഡഗ്‌ളസിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒകോണല്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പത്തൊമ്ബതാം നൂറ്റാണ്ട് കണ്ട ഏറ്റവും പണ്ഡിതനും ധീരനും മനുഷ്യസ്‌നേഹിയുമായിരുന്നു ഡാനിയേല്‍ ഒകോണല്‍. മഹാത്മാഗാന്ധിയെപ്പോലെ ഒകോണല്‍, അഹിംസയിലും സമാധാനത്തിലും വിശ്വസിച്ചു. ദരിദ്രര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ചു.
തന്റെ 71-ാം വയസ്സില്‍ ഡാനിയേല്‍ ഒകോണല്‍ യാത്രയായി. അദ്ദേഹത്തിന്റെ ചിന്തകളും പ്രവര്‍ത്തന ശൈലിയും ആധുനിക അയര്‍ലന്‍ഡിന്റെ സമസ്ത മേഖലകളിലിന്നും പ്രസക്തമാണ്; ഇന്ത്യയില്‍ ഗാന്ധിസമെന്നപോലെ.